നോമ്പുകൾ സംസാരിക്കുന്നു

സഭയുടെ നോമ്പുകളിൽ ഏറെ പ്രധാന്യത്തോടെ എല്ലാവരും അചരിക്കുന്ന നോമ്പാണ് മൂന്ന് നോമ്പ് . ഈ നോമ്പാചരണം ചിട്ടപ്പെടുത്തിയിരിക്കുന്നത് വി.ഗ്രന്ഥത്തിലെ യോനാ പ്രവാചകൻ്റെ പുസ്തകത്തിലെ പ്രവചനവും നിനുവ നഗരത്തിൻ്റെ മാനസാന്തരവും സഭയുടെ കാലിക ജീവിതാനുഭവമായി പരിണമിക്കണം എന്ന താത്പര്യത്തിലാണ്. അതോടൊപ്പം ഈ പഴയനിയമ പ്രവചന പുസ്തകത്തിലെ പ്രധാന കഥാപാത്രമായ യോനാ പ്രവാചകനെ പുതിയനിയമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. (മത്തായി 12:39-40 ) പരീശന്മാർ യേശുവിനോട് അടയാളം ചോദിക്കുമ്പോൾ യോനാ പ്രവാചകൻ്റെ അടയാളമല്ലാതെ മറ്റൊര് അടയാളവും അതിന് നൽകപ്പെടുകയില്ല എന്ന മറുപടിയാണ് യേശു നൽകുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷവും യോനായുടെ അടയാളം മാറ്റമില്ലാതെ നിലനിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ വർഷത്തെയും നമ്മുടെ നിനുവ നോമ്പ് ആചരണം.

ഈ പ്രവചന പുസ്തകത്തിൻ്റെ പ്രധാന പ്രമേയം ഉരുത്തിരിയുന്നതും വികസിക്കുന്നതും അതിൻ്റെ രചനാ കാലഘട്ടമായ B C 5-ാം നൂറ്റാണ്ടിലാണ്. പതിറ്റാണ്ടുകൾ നീണ്ട ബാബിലോൺ പ്രവാസത്തിന് ശേഷം തിരികെയെത്തി മതപരമായ ആരാധനാ രീതികളിലേക്കും ന്യായപ്രമാണ കേന്ദ്രമായ സാമുഹ്യ ജീവിതത്തിലേക്കും യിസ്രായേൽ എത്തിച്ചേരുന്ന പ്രവാസാനന്തര കാലത്താണ് ( Post – Exilic Period) ഇതിൻ്റെ രചന നടക്കുന്നത്. ആ നിലയിൽ നോക്കുമ്പോൾ യേശയ്യാ പ്രവചകൻ്റെ മൂന്നാം പുസ്തകവുമായി (അദ്ധ്യ 56-66) ഇതിന് ബന്ധം കാണാൻ സാധിക്കും. ഈ പുസ്തകത്തിൻ്റെ പ്രധാന പ്രമേയവും ഉള്ളടക്കവും വിലയിരുത്തിക്കൊണ്ടാണ് ഇത് ഒരു പ്രവാസാനന്തര പ്രവാചന ഗ്രന്ഥമാണ് എന്ന വിലയിരുത്തലിലേക്ക് പഠിതാക്കൾ എത്തിച്ചേർന്നിട്ടുള്ളത്. ഈ പുസ്തകത്തിൽ നിനുവയുടെ പാപം എന്നതിലുപരി ദൈവത്തിൻ്റെ പ്രവാചകനായ യോനായുടെ വിജാതിയരോടുള്ള സമീപനങ്ങളാണ് പ്രധാനമായും പരാമർശ വിധേയമാകുന്നത് . അതായത് ദൈവത്തിൻ്റെ കരുണയുടെ അവകാശികൾ ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി.

ഈ പ്രവചന ഗ്രന്ഥത്തിലൂടെ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ യിസ്രായേൽ ജനതയുടെ ഉള്ളിൽ നിലനിന്ന അന്തരീയ സംഘർഷങ്ങൾ ആണ് ചുരുളഴിഞ്ഞ് പുറത്ത് വരുന്നത്’. Rainer Albertz നെപ്പോലുള്ള പഴയ നിയമ പണ്ഡിതന്മാർ ഈ പുസ്തകത്തെ ഒരു ദൈവശാസ്ത പ്രതികരണം എന്നതിലുപരി പ്രവാസാനന്തര യൂദയായിൽ നിലനിന്നിരുന്ന സാമുഹ്യ – പ്രത്യയശാസ്ത്ര സംവാദങ്ങളോടുള്ള പ്രതികരണമായിട്ടാണ് കാണുന്നത്. യിസ്രായേലിൻ്റെ സ്വത്വം, വിശുദ്ധി, ദേശം, അതിൻ്റെ അതിരുകൾ, ദേശീയത, മതബോധം എന്നിവയെല്ലാം കൂടിക്കുഴഞ്ഞ സാമുഹ്യ പരിസരമായിരുന്നു അവരുടെത്. നീണ്ട കാലത്തെ പ്രവാസ ജീവിതകാലം അവരെ അങ്ങിനെയാക്കിയെന്ന് വേണമെങ്കിൽ നമുക്ക് അനുമാനിക്കാം. ആ കാലത്ത് ഈയൊരു സമീപനം ഉണ്ടാകാൻ കാരണം യിസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് ( Election ) തങ്ങൾക്ക് മാത്രം ലഭിച്ച പ്രത്യേക അവകാശമായി കാണുന്ന സമീപനവും ദൈവവുമായുള്ള ഉടമ്പടി (covenent) ബന്ധം തങ്ങളുടെ പ്രദേശിക അതിരുകളുടെ ഉള്ളിൽ മാത്രം മനസിലാക്കാനുള്ള ശ്രമവും ആയിരുന്നു ഉണ്ടായിരുന്നത്. ഈയൊരു സമീപനം നിലനിന്നിരുന്നതു കൊണ്ടാണ് യിസ്രായേലിൻ്റെ ശത്രുരാജ്യമായ അസ്സീറിയൻ രാജ്യത്തിലെ നിനുവ നഗരത്തോടെ ദൈവത്തിന് കരുണ തോന്നേണ്ട കാര്യമില്ല എന്ന സമീപനത്തിലേക്ക് എത്തിച്ചേരുന്നത്.
ഇത് പ്രവാസാനന്തര കാലത്ത് രൂപപ്പെട്ട പ്രവാചക- പൗരോഹിത്യ വൃന്ദങ്ങളുടെ പൊതുസമീപനമാണ്. യോനാ പ്രവാചകൻ തന്നെ തന്നെ അവരുടെ പ്രതിനിധിയായി അവതരിപ്പിച്ചുകൊണ്ട് അങ്ങിനെയുള്ള പ്രവാചകന്മാർക്ക് എതിരെയും ആ നിലയിലുള്ള സമീപനങ്ങൾക്ക് എതിരെയും വിരൽ ചൂണ്ടുകയാണ്. അതോടൊപ്പം പ്രവാചകനെ ഒരു ഉപമയായി ചിത്രീകരിക്കുന്ന പ്രവാചക ഉപമ (Prophetic Parable) എന്ന നിലയിലും Polemical narrative എന്ന നിലയിലും ഈ പുസ്തകത്തെ കാണുന്നവരുമുണ്ട്. മനുഷ്യനെയും പ്രകൃതിയെയും വിഭജിക്കുന്ന അതിരുകൾ , അധികാരങ്ങൾ, മതങ്ങൾ , വംശങ്ങൾ ജാതി എന്നിവയ്ക്കെല്ലാം അതീതമായി നിലകൊള്ളുന്നതാണ് യിസ്രായേലിൻ്റെ ദൈവദർശനം എന്നും അത് തികച്ചും സാർവ്വലൗകീകമാണ് എന്നും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു . ദൈവത്തിൻ്റെ പദ്ധതിക്ക് വിധേയരാകുന്നവരുടെ പട്ടികയിൽ കപ്പൽ ജോലിക്കാർ, നിനുവയിലെ രാജാവ്, മൃഗങ്ങൾ അങ്ങിനെയെല്ലാവരും ചേരുന്നു. ഇവിടെ തിരിച്ച് ചോദ്യങ്ങളില്ല വലിപ്പച്ചെറുപ്പമില്ല മാനസാന്തരത്തിന് എല്ലാവരും ഒരുപോലെ വിധേയരാകുന്നു. കാരണം നിനുവയുടെ നോമ്പ് ഒരു അനുഷ്ഠാനമല്ല പ്രത്യുത ധാർമ്മികമായ (Ethical) പുത്തൻ നിലപാടുകളെ ഏറ്റെടുക്കുന്നതാണ് (യോന 3:8).

യോനാ പ്രവാചകൻ്റെ പുസ്തകത്തിലൂടെ യോനയെന്ന പ്രവാചകനെയും നിനുവയെന്ന നഗരത്തെയും അവരുടെ മാനസാന്തരത്തെയും മാത്രമാണ് നമ്മുടെ പ്രാർത്ഥനകളിലും നോമ്പാചരണങ്ങളിലും നാം കണ്ടുമുട്ടുന്നത്. എന്നാൽ നമ്മുടെ സാധാരണ വായനകൾക്ക് അപ്പുറം വിവിധ നിലകളിൽ വിഭജിക്കപ്പെട്ടിരുന്ന ലോകത്തിലെ വിവിധ ജനതകളെയും രാജ്യങ്ങളെയും അവരുടെ ആത്മീയതയെയും അനുരജ്ജിപ്പിച്ച് ഉയർന്ന ധാർമ്മിക ബോധത്തിലേക്ക് ഉയർത്തുന്ന സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. ഈ കൃതി മനുഷ്യരുടെയും പ്രകൃതിയുടെയും മേലുള്ള ദൈവത്തിൻ്റെ പദ്ധതികളെ തച്ചുടക്കാൻ ശ്രമിക്കുന്ന മനഷ്യർക്ക് നേരെയുള്ള താക്കീതും അവർക്ക് വേണ്ടിയുള്ള തിരുത്തും ആണ് . നാം പിന്മാറിയാലും ഓടിയൊളിച്ചാലും പിന്നാക്കം പോയാലും ദൈവീക പദ്ധതി നടപ്പാവുക തന്നെ ചെയ്യും. ഇതുപോലെ സഭയിലും സമൂഹത്തിലും നടപ്പാക്കേണ്ട പല ദൈവപദ്ധതികൾക്കുമാണ് ദൈവം നമ്മെ ഓരോ നോമ്പിലേക്കും ക്ഷണിക്കുന്നത് എന്ന് നാം കണ്ണുതുറന്ന് കാണുക തന്നെ വേണം.

ഡയോസിസൻ ബുള്ളറ്റിൻ്റെ എല്ലാ വയനക്കാർക്കും വലിയ നോമ്പാചരണത്തിൻ്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

ഫാ. എബ്രാഹം കാരാമ്മേൽ
എഡിറ്റർ