ഡോ. മാധവ് ഗാഡ്ഗിൽ വിടവാങ്ങുമ്പോൾ

പ്രമുഖ പരിസ്ഥിതി ശാസ്തജ്ഞനും ഒര് കാലഘട്ടം മുഴുവനും പ്രകൃതിക്കും മനുഷ്യനും ഇടയിൽ പാലമായി നിലകൊണ്ട ഡോ. മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ആഴ്ച ഈ ലോകത്തോട് വിട പറഞ്ഞു. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പരിസ്ഥിതി വിദഗ്ധ സമതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം. കമ്മറ്റിയുടെ വിശദമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം 2011 ൽ പശ്ചിമഘട്ടത്തെ സംബന്ധിച്ച പഠന റിപ്പോർട്ടും നിർദ്ദേശങ്ങളും പുറത്ത് വന്നതോടുകൂടിയാണ് കേരളത്തിലെ പൊതുമണ്ഡലത്തിൽ മാധവ് ഗാഡ്ഗിൽ ഒരു പ്രധാന ചർച്ചാ വിഷയമായി മാറിയത്. പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ വിവാദമായി വളർന്നു. ഖനനവും വൻകിട നിർമ്മാണങ്ങളും നിയന്ത്രിക്കണമെന്ന നിർദ്ദേശം ഈ മേഖലയിൽ പ്രവർത്തിക്കുന്ന വൻലോബികൾ ഇതിന് എതിരെ തിരിയാനും സാമൂഹ്യമായ ധ്രൂവീകരണത്തിനും വലിയ നിലയിലുള്ള പ്രക്ഷോപങ്ങൾക്കും കാരണമാകാനും ഇടയായി. ക്രിസ്തീയ സഭകളിൽ ഏതാനും ചില സഭകൾ ഒഴിച്ച് മറ്റ് എല്ലാ പ്രമുഖ ക്രൈസ്തവ സഭകളും റിപ്പോർട്ടിന് എതിരെ രംഗത്ത് വരുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു എന്നത് ചരിത്രം.

ലോകം ഇന്ന് പിൻതുടരാൻ ആഗ്രഹിക്കുന്ന വികസന മന്ത്രം അടിസ്ഥാന സൗകര്യ വികസനമെന്നത് വികസനത്തിൻ്റെയും പുരോഗതിയുടെയും മാനദണ്ഡമായി കാണുക എന്നതാണ്. പ്രകൃതിയെ മറന്ന് കൊണ്ട് മനുഷ്യൻ്റെ ഇഛകൾക്കും ലാഭത്തിനും വേണ്ടിയുള്ള വികസന ശ്രമങ്ങൾ എത്ര വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാകും എന്നത് കേരളം നേരിട്ട് അനുഭവിച്ച് കഴിഞ്ഞതാണ്. പശ്ചിമഘട്ട മലനിരകളിൽ ഈ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ദുരന്തങ്ങളുടെ സാഹചര്യങ്ങളിലെല്ലാം ആരും ഗാഡ്ഗിലിനെ ഓർക്കാതിരുന്നിട്ടില്ല എന്നതാണ് വസ്തുത. ഡോ. ഗാഡ്ഗിൽ, ഡോ. കസ്തൂരിരംഗൻ, ഏറ്റവും അവസാനമായി സംസ്ഥാനം നിയമിച്ച ഡോ. ഉമ്മൻ വി ഉമ്മൻ എന്നിവരും അവരുടെ പഠനങ്ങളിലും എത്തി നിൽക്കുമ്പോൾ പശ്ചിമഘട്ട മലനിരകൾ എന്ന അതിലോലമായ പാരിസ്ഥിതിക പ്രദേശ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം എന്നത് ഒരു മരീചികയായി ഇന്നും തുടരുകയാണ് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. പ്രകൃതി ചൂഷണത്തിന് കൂട്ട് നിൽക്കുന്ന രാഷ്ട്രീയ മത കൂട്ട് കെട്ട് ആരൊക്കെ ആയിരുന്നാലും അവരെ ഭൂമിയുടെ ചരിത്രം വിചാരണ ചെയ്യാതിരിക്കില്ല എന്നതാണ് വാസ്തവം .

പശ്ചിമഘട്ടത്തെ സംബന്ധിച്ച ഡോ. ഗാഡ്ഗിലിൻ്റെ റിപ്പോർട്ട് ഒരു സാധാരണ പഠന റിപ്പോർട്ട് ആയിരുന്നില്ല. ദീർഘദൂരം യാത്ര ചെയ്തും കർഷകരിൽ നിന്നും ആട്ടിടയന്മാരിൽ നിന്നും ചോദിച്ച് മനസിലാക്കിയും ഭൂമിയുടെ താളത്തെ തിരിച്ചറിഞ്ഞുമാണ് അദ്ദേഹത്തിൻ്റെ പഠനങ്ങൾ ഏറെയും നടന്നിട്ടുള്ളത്. അതായത് ഗാഡ്ഗിൽ ഒരു പരിസ്ഥിതി ശാസ്തജ്ഞനായിരുന്നില്ല മറിച്ച് പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളിലൂടെയും ഗവേഷണങ്ങളിലൂടെയും ആർജിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ പൊതുജീവിതം. കാടും ഗോത്രവർഗക്കാരും കാടരുകിൽ പാർക്കുന്ന കർഷകരും അദ്ദേഹത്തിൻ്റെ വന സംരക്ഷണ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതിൽ നിർണ്ണായമായി സ്വാധീനിച്ചിട്ടുണ്ട്. പാരിസ്ഥിതിക മാതൃകകളെക്കുറിച്ചുള്ള പുസ്തക വിജ്ഞാനത്തിനപ്പുറം നിത്യ ജീവിതത്തിൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ച് പഠിക്കാനാണ് മാധവ് ഗാഡ്ഗിൽ തൻ്റെ ജീവിതം മാറ്റി വച്ചത്. 1992 ൽ മാധവ് ഗാഡ്ഗിലും രാമചന്ദ്രഗുഹയും ചേർന്ന് ഇന്ത്യൻ വനങ്ങളുടെ ഉപയോഗത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും ചരിത്രം പറയുന്ന ‘ദി ഫിഷെഡ് ലാൻഡ് : ആൻ ഇക്കോളജിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ ‘ എന്ന ഗ്രന്ഥവും ഇതേ കൂട്ടുകെട്ടിൽത്തന്നെ 1995 ൽ പുറത്തിറങ്ങിയ പാരിസ്ഥിതിക സന്തുലിതാവസ്ഥ പാലിച്ച് കൊണ്ട് എങ്ങിനെ സാമ്പത്തിക വളർച്ച കൈവരിക്കാമെന്ന ആശയം മുന്നോട്ട് വയ്ക്കുന്ന ‘ ഇക്കോളജി ആൻഡ് ഇക്വിറ്റി : ദ യൂസ് ആൻഡ് അബ്യൂസ് ഓഫ് നേയ്ച്ചർ ഇൻ കണ്ടമ്പററി ഇന്ത്യ’ എന്ന വിഖ്യാത ഗ്രന്ഥവും അദ്ദേഹത്തിൻ്റെ നിലപാടുകളെ വരച്ച് കാണിക്കുന്നതാണ്. പ്രത്യേകിച്ച് ഇത് ഇന്ത്യൻ പരിസ്ഥിതി പഠനത്തിൽ ആർക്കും ആശ്രയിക്കാവുന്ന പ്രധാന പാഠ പുസ്തകമാണ്. ഇന്ത്യയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ തികച്ചും രാഷ്ട്രീയവും സാമൂഹികവും ആണ് എന്നും ഇതിലേക്കുള്ള വഴി തുറക്കുന്നത് പ്രകൃതി വിഭവങ്ങളുടെ അസന്തുലിതമായ ഉപയോഗം വഴി ആണ് എന്ന് വിലയിരുത്തുന്നു. ഇത് ആത്യന്തികമായി പാരിസ്ഥിതിക തർക്കങ്ങളിലേക്കും (Ecological conflicts) അടിച്ചമർത്തലുകളിലേക്കും എത്തിച്ചേരുന്നു എന്നതും അനുദിന ചരിത്ര യാഥാത്ഥ്യമാണ്. ഡാമുകൾ, ഖനികൾ, വ്യവസായ ശാലകൾ, ജലസ്രോതസ്സുകൾ, പ്രകൃതിവാതകം തുടങ്ങി നിരവധിയായ മേഖലകളിൽ ഇന്നും നടന്ന് വരുന്ന പോരാട്ടങ്ങൾ ഇതിനെല്ലാം ഉദാഹരണമാണ്. പ്രകൃതി വിഭവങ്ങളുടെ മേലുള്ള അധികാരത്തിന് വേണ്ടിയുള്ള തർക്കങ്ങൾ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. വൻ കിട കുത്തകകൾ നിയന്ത്രിക്കുന്ന രാഷ്ട്രീയ – രാഷ്ട്ര സംവിധാനങ്ങളും പ്രകൃതി ചൂഷണത്തിന് നേതൃത്വം കൊടുക്കുന്നു. പ്രകൃതിയുടെ മേലുള്ള കടന്ന് കയറ്റം വികസനം (development) എന്ന പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതിന് നൽകേണ്ടി വരുന്ന വില പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഈയൊരു പ്രവണതകൾക്ക് എതിരെയുള്ള പ്രതിരോധങ്ങൾ താഴെത്തട്ടിൽ നിന്ന് ഉയർന്ന് വരണം. പരിസ്ഥിതി സംരക്ഷണത്തിന് അവലംബിക്കേണ്ടത് പാരമ്പര്യ ജ്ഞാനമാതൃകകൾ ആണ് (Traditional knowledge) എന്നും അതുവഴി മാത്രമെ പ്രകൃതിയോട് ചേർന്ന് പോകുന്ന വികസന മാതൃകകളെ രൂപീകരിക്കാനും വളർത്താനും സാധിക്കുക എന്നും അദ്ദേഹം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈയൊരു ചിന്താപദ്ധതിയുടെ പ്രതികരണമാണ് പശ്ചിമഘട്ട സംരക്ഷണം മുന്നിൽ ക്കങ്ങു കൊണ്ടുള്ള ഗാഡ്ഗിൽ റിപ്പോർട്ട്.

പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കുക എന്നതും പ്രകൃതിയുടെ താളം തിരിച്ചറിഞ്ഞ് അതിനോട് ഇടപെടുക എന്നതും ആണ് നാം ഈ കാലഘട്ടത്തിൽ പിൻതുടരേണ്ട വികസന പാഠം എന്ന് പഠിപ്പിച്ച മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ്റെ നിലപാടുകളെ ഏറ്റെടുക്കാൻ നാം തയ്യാറാവുക എന്നതായിരിക്കട്ടെ അദ്ദേഹത്തിൻ്റെ സ്മരണയുടെ മുൻപിലെ നമ്മുടെ ബാഷ്പാഞ്ചലി.

Artwork remixed from the work of Syed Shiyaz Mirza, CC BY-SA 4.0 via Wikimedia Commons